പാലയൂർ: ജാഗരണപദയാത്രയിലും കൺവൻഷനിലും പങ്കെടുത്തു മനസും ശരീരവും ഒരുക്കിയെടുത്ത പതിനായിരങ്ങൾ ഇന്നു മഹാതീർഥാടനത്തിൽ അണിചേരും. പുലർച്ചെ അർപ്പിക്കുന്ന ദിവ്യബലിക്കുശേഷം തൃശൂർ ലൂർദ് കത്തീഡ്രലിൽനിന്നു പുറപ്പെടുന്ന മുഖ്യപദയാത്രയ്ക്കു തുടക്കംകുറിച്ച് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പേപ്പൽ പതാക കൈമാറും.
ഇതേസമയം അതിരൂപതയുടെ വിവിധ കേന്ദ്രങ്ങളിൽനിന്ന് ഉപപദയാത്രകൾ പുറപ്പെടും. ഒന്നാംഘട്ട പദയാത്രകൾ രാവിലെ 11 നു പാലയൂർ മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥ കേന്ദ്രത്തിൽ എത്തിച്ചേരുമ്പോൾ തീർഥകേന്ദ്രം ആർച്ച്പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴയുടെ നേതൃത്വത്തിൽ സ്വീകരിക്കും.
ഉച്ചകഴിഞ്ഞു 2.30 നു പാവറട്ടി സെന്റ് ജോസഫ് തീർഥകേന്ദ്രത്തിലെ വിശുദ്ധ കുർബാനയ്ക്കു ശേഷം പുറപ്പെടുന്ന രണ്ടാംഘട്ടപദയാത്ര പഞ്ചാരമുക്ക് സെന്റ് തോമസ് നഗറിൽ എത്തിച്ചേരുമ്പോൾ തീർഥാടനത്തിനു തുടക്കംകുറിച്ച മാർ ജേക്കബ് തുങ്കുഴി അന്ത്യവിശ്രമം കൊള്ളുന്ന കോഴിക്കോട് കൊട്ടോളി ക്രിസ്തുദാസി ചാപ്പലിലെ കബറിടത്തിൽനിന്ന് ഇന്നലെ പുറപ്പെട്ട ഛായാചിത്രവും ദീപശിഖയും രണ്ടാംഘട്ട മഹാതീർഥാടനത്തിൽ പങ്കുചേരും.
4.30 നു പാലയൂർ തീർഥകേന്ദ്രത്തിൽ എത്തിച്ചേർന്ന് ഛായാചിത്രവും ദീപശിഖയും വേദിയിൽ പ്രതിഷ്ഠിക്കും. തുടർന്നുനടക്കുന്ന പൊതുസമ്മേളനം സിബിസിഐ പ്രസിഡന്റ് കർദിനാൾ ഡോ. ആന്റണി പൂല ഉദ്ഘാടനം ചെയ്യും. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ പ്രതിജ്ഞചൊല്ലിക്കൊടുക്കും.
ഇന്നു രാവിലെ 6.30 മുതൽ പാലയൂർ തീർഥകേന്ദ്രത്തിൽ തുടർച്ചയായി ദിവ്യബലി ഉണ്ടായിരിക്കുമെന്നു ലിറ്റർജി കൺവീനർ സിസ്റ്റർ ഷൈൻ, ജിഷ സുരേഷ് എന്നിവർ അറിയിച്ചു. രാവിലെമുതൽ തീർഥാടകർ എത്തുന്നതിനാൽ ഒമ്പതുമുതൽ നേർച്ചഭക്ഷണവിതരണം ആരംഭിക്കും. വൈകീട്ടുവരെ തുടരും.കാൽലക്ഷംപേർക്കുള്ള ഭക്ഷണമാണ് ഒരുക്കുന്നതെന്നു കൺവീനർ കെ. ജെ. പോൾ, സൈജോ സൈമൺ എന്നിവർ പറഞ്ഞു.